സിനിമ നിരൂപണം : മിന്നൽ മുരളി

poojyam
വ്യാകുലൻ
2 min readJan 5, 2022

--

Movie Review — Minnal Murali.

Minnal Murali — Netflix

നമുക്കും വേണ്ടേ ഒരു ലോക്കൽ സൂപ്പർമാൻ/സ്‌പൈഡർമാൻ എന്ന ലൈനിൽ പിടിച്ച ഒരു പടമാണ് മിന്നൽ മുരളി. പക്ഷെ പഴയ ദിലീപ്/സലിം കുമാർ/ അശോകൻ പടങ്ങൾ പോലെ ഒരു വെറും സ്ലാപ്സ്റ്റിക്ക് കോമഡി അല്ല. തനി നാടൻ സ്റ്റൈലാണ് ഇതിന്റെ വിജയത്തിന്റെ രഹസ്യം. കൈലി മടക്കിക്കുത്തി നടക്കുന്ന/പറക്കുന്ന സൂപ്പർമാൻ നായകൻ , ചാക്കുകൊണ്ടു മുഖം മൂടിയണിഞ്ഞ പ്രതിനായകൻ. തനി നാട്ടിൻ പുറത്തെ വഹകൾ കൊണ്ടുള്ള പോരാട്ടം (വെടി മരുന്ന്, ലോക്കൽ ബസ്, നാടൻ തയ്യൽക്കാർ, വീഡിയോ കാസെറ്റ് അങ്ങനെ എല്ലാം). പള്ളി പെരുനാൾ, നാടകം, വെടിക്കെട്ട് അങ്ങനെ കേരളത്തിലെ ഗ്രാമാന്തരീക്ഷത്തെ ശരിക്കും ആവാഹിച്ചു സമ്മേളിപ്പിച്ചു കൊഴുപ്പിച്ചതുകൊണ്ടാണ് പടം ഇത്രയും പൊടി പൊടിച്ചത്.

ആമേൻ, മഹേഷിന്റെ പ്രതികാരം, ഇടുക്കി ഗോൾഡ് അങ്ങനെ സമീപ കാലത്തേ വിജയിച്ച പടങ്ങളുടെ നാടൻ ഫീൽ ശരിക്കും ഇതിലും അനുഭവപ്പെടുന്നുണ്ട്. പള്ളിപ്പറമ്പിലെ ഒരു വെടിക്കെട്ടിൽ അനാഥനാകുന്ന ജെയ്സൺ (ടോവിനോ) ആണ് ഹീറോ. പക്ഷെ പടം അതിശയകരമായി അനുഭവപ്പെടുന്നത് പ്രതിനായകനായ ഷിബു(ഗുരു സോമസുന്ദരം- തമിഴ് നടൻ)വിന്റെ ലവ് സ്റ്റോറിയും അതിന്റെ വളവും തിരിവും സമർത്ഥമായി അവതരിപ്പിച്ചതിലാണ് . സംവിധായകൻ ബേസിൽ തോമസിന്റെ എല്ലാ സിനിമകളും അതിഗംഭീരമാണ്. കുഞ്ഞി രാമായണം, ഗോദ, ഇപ്പോൾ ഇതാ — മിന്നൽ മുരളിയും!.

ഡിങ്കൻ, മായാവി, മൈ ഡിയർ കുട്ടിച്ചാത്തൻ, കള്ളിയങ്കാട്ടു നീലി, അങ്ങനെ പല പല സംഗതികൾ കണ്ടു പരിചയിച്ചു തഴമ്പിച്ച മലയാളി തലകളിലാണ് ഒരു മിന്നൽ പിണറായി മുരളിയും ഷിബുവും അവതരിക്കുന്നത്. പാത്രസൃഷ്ടിയിലെ കൈയടക്കം കൊണ്ടാണ് ഷിബുവിനെയും മുരളിയേയും പൊതുവെ അത്യാഗ്രഹികളാലല്ലാത്ത നല്ലവരായി അവതരിപ്പിക്കുന്നത്. അതാണ് കഥയിലെ പുതുമ. അതിൽ ഷിബുവാണ് വില്ലൻ എങ്കിലുംട്രാജിക് പ്രണയത്തിലെയും ജീവിതത്തിലെയും തിരിച്ചടികൾ പ്രേക്ഷകരുടെ അനുകമ്പ ഏറ്റുവാങ്ങുന്നതു. പക്ഷെ നാട്ടുകാരുടെ തീച്ചൂളയിൽ വെന്തുവെണ്ണീറായ പ്രണയം ഷിബുവിനെ പ്രതികാരദാഹിയാക്കുന്നു. പരസ്പരം തിരിച്ചറിഞ്ഞിട്ടും സാഹചര്യം മാത്രമാണ് അവരെ നേരിട്ട് എട്ടു മുട്ടാൻ വഴി വെക്കുന്നത്.

കഥയുടെ ബാക്കി അവർ തമ്മിലുള്ള ദ്വന്ദ്വയുദ്ധം ആണ്. അതിൽ ആര് ജയിക്കുമെന്നത് തീർത്തും ഏതു കാർട്ടൂൺ സിനിമയിൽ സംഭവിക്കുന്നത് തന്നെ.

ഇതിനു എത്ര sequel വേണമെങ്കിലും ഉണ്ടാക്കാവുന്ന രീതിയിൽ സ്കോപ്പ് ബാക്കി വെച്ചിട്ടാനാണ്‌ പരിണാമഗുപ്തി !

--

--

poojyam
വ്യാകുലൻ

Notes from a travel enthusiast. Both real and imaginary reel trips.